
അടിമുടി മാറ്റങ്ങളുമായി വാട്സ്ആപ്പ്. സിനിമ മുഴുവനായി അയക്കാനുള്ള സംവിധാനം തുടങ്ങി ഇതുവരെയില്ലാത്ത സവിശേഷമായ സൗകര്യങ്ങളായിരിക്കും ഇവ. മൊത്തത്തിൽ ഉപയോക്താക്കൾ ഏറെ നാളായി ആഗ്രഹിച്ച നിരവധി പുത്തൻ പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് മുന്നോട്ടുവയ്ക്കുന്നത്.
പുതിയ അപ്ഡേഷൻ വരുന്നതോടെ ഗ്രൂപ്പിലെ പരമാവധി അംഗങ്ങളുടെ എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കി ഉയർത്തും. ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങളാണ് നിലവിൽ വാട്സ്ആപ്പ് അനുവദിച്ചിട്ടുള്ളത്. അപ്ഡേറ്റ് ആവുന്നതോടെ ഇത് 512 അംഗങ്ങൾ വരെ ആകാം. ബിസിനസ് സംരംഭങ്ങളെയും മറ്റു സ്ഥാപനങ്ങൾക്കും ഇത് സഹായകരമാകും. 256 പേര്രെ ഉൾക്കൊള്ളിക്കാനാകു എന്നതിനാൽ ഒന്നിലേറെ ഗ്രൂപ്പുകള്‍ പല സ്ഥാപനങ്ങൾക്കും സൃഷ്ടിക്കേണ്ടി വന്നിരുന്നു.
ഇനി ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ അനാവശ്യമായി എന്തെങ്കിലും സന്ദേശം ഗ്രൂപ്പിലിട്ടാൽ അതു നീക്കം ചെയ്യാനുള്ള സർവ്വാധികാരം അഡ്മിന് ലഭിക്കും. അഡ്മിന് തന്നെ ഈ മെസേജില്‍ അമര്‍ത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാവുന്നതാണ്. അതേസമയം വോയ്സ് കോളില്‍ ഒരേസമയം 32 പേരെ ഉൾപ്പെടുത്താനുള്ള സംവിധാനവും വരുന്നു. 8 പേരാണ് ഇപ്പോൾ ഗ്രൂപ്പ് കോളിൽ അനുവദിച്ചിട്ടുള്ളത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.
പുതിയ വാട്സ്ആപ്പിൽ 2 ജിബി വരെയുള്ള ഫയലുകള്‍ ഒറ്റത്തവണയായി അയയ്ക്കാം. നിലവില്‍ 100 എംബി വരെയുള്ള ഫയലുകളെ അയയ്ക്കാനാകൂ. ഇതോടെ ഒരു സിനിമ മുഴുവനായും വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് അന്യോന്യം അയയ്ക്കാനാവും. ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഫീച്ചറുകൾ ഓരോ ഘട്ടങ്ങളായി ലഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.