
കോഴിക്കോട്:തൊണ്ടയാട് ബൈപാസിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ 266 വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഉപയോഗിച്ച രണ്ട് വെടിയുണ്ടകളും സമീപത്ത് നിന്നും ലഭിച്ചു.നെല്ലിക്കോട് കുറ്റികുത്തിയ തൊടി പറമ്പിന്റെ ഒരു ഭാഗത്താണ് കണ്ടത്. ചൊവ്വാഴ്ചയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പെട്ടികളിലും പ്ലാസ്റ്റിക് ബാഗുകളിലുമായി ചിതറിയ നിലയിലാണ് വെടിയുണ്ടകളുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. റൈഫിളില്‍ ഉപയോഗിക്കുന്നവയാണിവ.
ഈ പറമ്പിനടുത്ത് സ്ഥലം അളക്കുന്നതിന്റെ ഭാഗമായി കാടുവെട്ടിത്തെളിക്കുന്നതിനിടെ പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതാണ്. കൗണ്‍സിലര്‍ സുജാത കൂടത്തിങ്കലാണ് പൊലീസില്‍ അറിയിച്ചത്. ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ അനില്‍ ശ്രീനിവാസ്, മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം എല്‍ ബെന്നിലാലു എന്നിവരുടെ നേതൃത്വത്തില്‍ വൈകിട്ട് നടത്തിയ പരിശോധനയില്‍ കൂടുതല്‍ വെടിയുണ്ടകള്‍ കണ്ടെത്താനായത്.
ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി. ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വെടിയുണ്ടകള്‍ കിട്ടിയത്. അഞ്ച് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയിലുമാണ് ഇവയുണ്ടായിരുന്നത്. ഷൂട്ടിങ് പരിശീലിക്കാന്‍ ഉപയോഗിക്കുന്ന ടാര്‍ജറ്റ് ബോര്‍ഡ് ഇതിന് സമീപത്തുനിന്നായി കണ്ടെത്തിയിട്ടുണ്ട്. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും റൈഫിള്‍ ക്ലബ്ബുകാര്‍ക്കും വാങ്ങാന്‍ കഴിയുന്ന വെടിയുണ്ടകളാണ് ഇവയെന്ന് പൊലീസ് അറിയിച്ചു.