
മുസ്ലീംകൾക്കെതിരെയും അവരുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾക്കെതിരെയുമെല്ലാം സംഘ്പരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങൾക്കിടെ പള്ളിയിൽ നിന്ന് ലൗഡ് സ്പീക്കർ നീക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. മറാത്ത് വാഡയിലെ ജൽന ജില്ലയിലെ ധസ്ല-പിർവാഡി എന്ന പഞ്ചായത്താണ് ഇത്തരത്തിൽ ഒരു പ്രമേയം പാസാക്കിയത്.
മുസ്ലിം പള്ളികളിൽ നിന്നുള്ള ബാങ്കുവിളികൾ തങ്ങളുടെ ഓരോരുത്തരുടെയും ദിനചര്യയുടെ ഭാഗമാണെന്നും ഇതിൽ ഗ്രാമത്തിൽ ആർക്കും ഒരുതരത്തിലുള്ള ബുദ്ധിമുട്ടില്ലെന്നും ഗ്രാമവാസികൾ പറഞ്ഞു. ധസ്ല-പിർവാഡി എന്നീ ഗ്രാമങ്ങൾ ഉൾക്കൊളളുന്നതാണ് ഈ പഞ്ചായത്ത്. ഗ്രാമത്തിൽ ഏകദേശം 2500 ഓളം പേരാണ് താമസിക്കുന്നത്. ഹിന്ദു കുടുംബങ്ങളാണ് അതിൽ ഭൂരിപക്ഷവും. 600 മുസ്ലീം കുടുംബങ്ങളാണ് പഞ്ചായത്തിലുളളത്. ഐക്യകണ്ഠ്യേനയാണ് ഗ്രാമം പളളികളിലെ ഉച്ചഭാഷിണി ഒഴിവാക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഏപ്രിൽ 24നാണ് ഇവർ പ്രമേയം പാസാക്കിയത്.