
മധ്യപ്രദേശിലെ സിയോണി ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെ 2.30 നും മൂന്നിനും ഇടയിൽ കൗറെ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് ദാരുണസംഭവം. 15-20 പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിലാണ് രണ്ട് ആദിവാസി യുവാക്കൾ കൊല്ലപ്പെട്ടത്. പശുവിനെ കൊന്നെന്ന് ആരോപിച്ച് ഇവരുടെ വീട്ടിലെത്തിയതാണ് സംഘം ആക്രമിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. അക്രമികൾ ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് പരാതിക്കാരും കോൺഗ്രസും ആരോപിച്ചു.
20 ഓളം പേർക്കെതിരെ കേസെടുത്തു. ആറുപേർക്കെതിരെ കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് എംഎൽഎ അർജുൻ സിംഗ് കക്കോഡിയയുടെ നേതൃത്വത്തിൽ ജബൽപൂർ-നാഗ്പൂർ ഹൈവേ ഉപരോധിച്ചു. സിയോനി പൊലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സമരസ്ഥലം സന്ദർശിച്ചു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്കെ മാറവി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരകളുടെ വീട്ടിൽ നിന്ന് കിലോക്കണക്കിന് മാംസം കണ്ടെത്തിയിട്ടുണ്ട്- എസിപി പറഞ്ഞു.
സാഗർ സ്വദേശി സമ്പത്ത് ബട്ടി, സിമരിയ സ്വദേശി ധൻസ എന്നിവരെ സംഘം വടികൊണ്ട് മർദിക്കുകയായിരുന്നുവെന്നും തനിക്കും മർദനമേറ്റെന്നും പരിക്കേറ്റ ബ്രജേഷ് ബട്ടി പറഞ്ഞു. സംഭവത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും സംഘടനയെ നിരോധിക്കണമെന്നും കോൺഗ്രസ് എംഎൽഎ കക്കോഡിയ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.