
തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ചൈനീസ് അമിട്ടുകൾ പൊട്ടിച്ച യുവാക്കൾ പിടിയിൽ. മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അമിട്ടും കമ്പിത്തിരിയും പിടിച്ചെടുത്തു. മൂന്ന് പേരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കോട്ടയം സ്വദേശികളായ അജി, ഷിജാബ്, തൃശൂർ എൽതുരുത്ത് സ്വദേശി നവീൻ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാറിലാണ് ഇവർ ചൈനീസ് അമിട്ടുമായി എത്തിയത്. മഫ്തിയിൽ നടക്കാനിറങ്ങിയ എസിപി വികെ രാജുവാണ് മൂവരെയും പിടികൂടിയത്.
തിരുവമ്പാടി വിഭാഗത്തിന്റെ പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡ്ഡിന് സമീപമാണ് ഇവർ പടക്കം പൊട്ടിച്ചത്.
വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ വെടിക്കെട്ട് നടക്കാനിരിക്കെയാണ് യുവാക്കളുടെ പടക്കം പൊട്ടിക്കൽ. മഴ കാരണം വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. ഇതിലുള്ള അമർഷത്തെ തുടർന്നാണ് ചെെനീസ് അമിട്ടുകൾ പൊട്ടിച്ചതെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണ്.