
കുന്നംകുളം ; പെട്രോൾ പമ്പിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ സഹപ്രവർത്തകന് ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി.
മുല്ലശ്ശേരി കോക്കാൻചിറ വീട്ടിൽ പ്രതാപൻ (59)നെയാണ് കുന്നംകുളം അതിവേഗ പോക്സോ കോടതി ജഡ്ജി എം.പി ഷിബു കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി ആറര വർഷം തടവും 31000 രൂപ പിഴയും വിധിച്ചത്.
2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്ന ഇയാൾ അതേ പമ്പിലെ ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയെ ഓഫീസ് റൂമിൽ കയറി ഷട്ടർ അടച്ച് ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതിയുടെ നിലവിളി കേട്ട് അടുത്തുള്ള കടയിലെ തൊഴിലാളികൾ വന്നാണ് രക്ഷപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി ഫാസ്ട്രാക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.എസ് ബിനോയ് ഹാജരായി.
കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കണമെന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഹർജിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് വിചാരണ ആരംഭിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാവറട്ടി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എംകെ രമേഷാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.