ഇന്ത്യൻ സ്പൈസ് ജെറ്റ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. യാത്രക്കാരുമായി സഞ്ചരിച്ച വിമാനം എയർപോർട്ടിൽ ലാൻഡിംഗ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
മുംബൈയിൽ നിന്നും ദുർഗാപൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്പൈസ് ജെറ്റിന്റെ ബോയിങ് ബി737 എസ്ജി– 945 എന്ന വിമാനമാണു ലാൻഡിംഗിനിടെ ആകാശച്ചുഴിയിൽപ്പെട്ടത്. അല്പസമയത്തിനു ശേഷം സ്ഥിതി നിയന്ത്രണവിധേയമാക്കിയ വിമാനം ദുർഗാപൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
കാബിനുകളിൽ സൂക്ഷിച്ചിരുന്ന ലഗേജുകൾ യാത്രക്കാരുടെ മേൽ വീണ് നാൽപതോളം പേർക്ക് പരിക്കേറ്റു. ഇവരെ ദുർഗാപൂരിൽ എത്തിയ ഉടൻ വൈദ്യസഹായം നൽകിയതായി അധികൃതർ അറിയിച്ചു. നിലവിൽ ആർക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ചിലർക്ക് പ്രഥമശ്രുശൂഷ മാത്രം നൽകി ആശുപത്രി വിടുകയും മറ്റുചിലർ ചികിത്സയിൽ തുടരുകയുമാണ്.
സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് മുംബൈ എയർപോർട്ടിൽ നിന്നും യാത്രതിരിച്ച വിമാനം പശ്ചിമ ബംഗാൾ അന്തലിലെ കാസി നസ്റുൽ ഇസ്ലാം എയർപോർട്ടിൽ 7.30 യോടെ ലാൻഡ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.