
പൊതുവേദിയിൽ വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത നേതാക്കൾ. പെൺകുട്ടിയെ വിലക്കിയത് സ്ത്രീകളുടെ ലജ്ജ കണക്കിലെടുത്താണെന്നാണ് വിശദീകരണം. ജിഫ്രി മുത്തുക്കോയ തങ്ങൾ, അബ്ദുല്ല മുസ്ലിയാർ തുടങ്ങിയവർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് വിശദീകരണം.
പെൺകുട്ടിയെ അപമാനിച്ചു എന്ന് പറയുന്നത് തെറ്റാണ്. കുട്ടി വേദിയിലേക്ക് വരുന്നതിന് മുമ്പ് അബ്ദുല്ല മുസ്ലിയാർ തടഞ്ഞിട്ടില്ല. ഇതിന് മുമ്പും സമസ്ത സമ്മാനധാനങ്ങൾ നിർവഹിച്ചിട്ടുണ്ട്, ആ സമയത്തൊക്കെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളെയോ ഗുരുനാഥന്മാരെയോ വേദിയിലേക്ക് വിളിച്ച് സമ്മാനം നൽകുകയാണ് പതിവ്. മറക്ക് പിന്നിലിരുന്ന് വേദിയുടെ പിറകിൽ ഇരുന്ന് ഇതൊക്കെ കണ്ട് സന്തോഷിക്കുകയാണ് വിദ്യാർത്ഥിനികളും അവരുടെ ഉമ്മമാരും ചെയ്യാറുള്ളതെന്നും നേതാകൾ പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര് അപമാനിച്ച വീഡിയോ പുറത്ത് വന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു. മദ്റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെടുകയായിരുന്നു.
“ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്”- എന്നായിരുന്നു പ്രകോപിതനായ അബ്ദുള്ള മുസ്ലിയാർ സംഘാടകരോട് ചോദിച്ചത്.
വിഷയത്തിൽ സമസ്ത നേതാവിന്റെ നിലപാടിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഫാത്തിമ തഹ്ലിയ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു.