
തെന്നിന്ത്യൻ സിനിമാസ്വാദകരിൽ ഉത്സവാവേശം തീർത്ത ചിത്രങ്ങളായിരുന്നു രാജമൗലിയുടെ ആർആർആറും, പ്രശാന്ത് നീലിന്റെ കെജിഎഫ് ചാപ്റ്റർ 2വുമൊക്കെ. ബോളിവുഡ് സിനിമകളെ പോലും തകർത്തുകൊണ്ട് തെന്നിന്ത്യൻ സിനിമകൾ ബോക്സോഫീസ് കയ്യടക്കുമ്പോൾ, ഇപ്പോൾ ആർആർആറിന്റെ ഏറ്റവും പുതിയ ബോക്സോഫീസ് കളക്ഷൻ കൂടി പുറത്തുവരികയാണ്.
650 കോടി മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രം റിലീസ് ആയി ഒരു മാസം പിന്നിടുമ്പോൾ ആയിരം കോടി കളക്ഷൻ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ‘ആർആർആർ’ നേടിയിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. മെയ് 20ന് ചിത്രം ഒടിടി റിലീസായി സീ5ൽ എത്തും. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നെ പതിപ്പുകളിലാണ് റിലീസ് ചെയ്യുക. എന്നാൽ ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുക എന്ന വാർത്തകളും എത്തുന്നുണ്ട്.
മാർച്ച് 25നാണ് ‘ആർആർആർ’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ബാഹുബലി ചിത്രത്തിന്റെ വൻ വിജയം തന്നെയായിരുന്നു ആർആർആറിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാൻ കാരണമായത്. ‘ബാഹുബലി 2’ ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴുള്ള രാജമൗലിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. അച്ഛന് കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.