
രാഷ്ട്രീയ പാർട്ടിയായ മുസ്ലിം ലീഗിനെതിരെ നടത്തിയ വിമർശനങ്ങൾ പിൻവലിച്ച് മതപ്രഭാഷകൻ റഹ്മത്തുള്ള ഖാസിമി മുത്തേടം. തന്റെ പ്രഭാഷണങ്ങളില്‍ തെറ്റായ പരാമര്‍ശങ്ങള്‍ വന്ന് പോയെന്നും സമസ്തയേയും ലീഗിനേയും വിമര്‍ശിച്ചതില്‍ ദുഃഖവും വേദനയുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മലപ്പുറം എം.പി കള്ള വഹാബി ആണെന്നും മുസ്ലിം ലീഗ് വഹാബികളുടെ പാർട്ടി ആണെന്നുമായിരുന്നു ഖാസിമിയുടെ പരാമർശം. ഈ പ്രസ്താവനയാണ് മുക്കം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഖാസിമി തന്റെ വിവാദ പ്രസ്താവന തിരുത്തിയത്.
ഫേസ്ബുക്ക് വിശദീകരണക്കുറിപ്പ് ഇങ്ങനെ :
“ഇസ്ലാമിക പ്രബോധന പ്രസംഗ മേഖലയില്‍ പതിറ്റാണ്ടുകളായി ഇടപെടുന്ന ഒരു വ്യക്തിയെന്ന നിലക്ക് ചില പ്രഭാഷണങ്ങളില്‍ തെറ്റായ ചില പരാമര്‍ശങ്ങള്‍ വന്ന് പോയിട്ടുണ്ട്. ഈയിടെ നടത്തിയ ചില പ്രസംഗങ്ങളില്‍ ഞാന്‍ ആദരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയേയും മുസ്ലിം ലീഗിനെയും ചില വ്യക്തികളേയും പരിധി വിട്ട് വിമര്‍ശിച്ചിട്ടുണ്ട്. അബദ്ധവശാല്‍ വന്ന ഇത്തരം പ്രയോഗങ്ങളില്‍ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്. ” എന്നാണ് ഉള്ളടക്കം
റംസാൻ പ്രഭാഷണത്തിനിടെയായിരുന്നു ലീഗും യൂത്ത് ലീഗും കടുത്ത വിമർശനമുയർത്താൻ ഇടയാക്കിയ പ്രസ്താവന ഖാസിമി ഉയർത്തിയത്. തനിക്കെതിരെ വിമർശനങ്ങൾ കൂടിയതോടെ പറഞ്ഞത് തിരുത്തികൊണ്ട് ഇദ്ദേഹം മുന്നോട്ടു വരികയായിരുന്നു.