
എടപ്പാള്‍: ദീര്‍ഘനേരം എടപ്പാള്‍ മേല്‍പാലത്തിന് താഴെ വാഹനം പാര്‍ക്ക് ചെയ്യുന്നവർക്ക് ഇനി പിടിവീഴും. കര്‍ശന നടപടിയെടുക്കാൻ പോലീസ്.
കൂടുതല്‍ സമയം നിര്‍ത്തിയിട്ടാല്‍ പിഴ ഈടാക്കുമെന്ന് ചങ്ങരംകുളം പൊലീസ് അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് പരിശോധന കര്‍ശനമാക്കുകയും പാലത്തിനടിയിൽ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
ദീര്‍ഘദൂര യാത്രക്കാര്‍ പാലത്തിന് താഴെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത് കാരണം വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന ഉപഭോക്താക്കള്‍ വലഞ്ഞിരുന്നു. ഇതുസംബന്ധിച്ചുള്ള വാര്‍ത്തകൾ വന്നതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പല ജോലി ആവശ്യാര്‍ഥം എടപ്പാളില്‍നിന്ന് ബസ് കയറി യാത്ര ചെയ്യുന്ന ആളുകളാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നത്.
ബൈക്കുകള്‍ അടക്കമുള്ള വാഹനങ്ങള്‍ രാവിലെ പാലത്തിന് താഴെ നിര്‍ത്തിയിട്ടാല്‍ വൈകീട്ട് മാത്രമേ കൊണ്ടുപോകുന്നുള്ളൂ. ഇതുകാരണം പാലത്തിന് താഴെയുള്ള കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കഴിയുന്നില്ലെന്നും കച്ചവടം കുറഞ്ഞതായും വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു.