
കാഠ്മണ്ഡു: നേപ്പാളില്‍ 22 പേരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി. ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണു കാണാതായത്. വിമാനത്തിന്റെ വിവരങ്ങള്‍ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നാലു പേര് ഇന്ത്യക്കാരാണ്. മൂന്നു പേര് ജപ്പാന് പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്.
മണിക്കൂറുകളായി വിവാനത്തില്‍നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. താര എയറിന്റെ 9 എന്‍എഇടി വിവാമാനമാണ് 9.55 ന് പറന്നുയര്‍ന്നത്. ഉടന്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. മസ്താങ് ജില്ലയിലെ ജോംസോമില്‍നിന്ന് വിമാനം ദൗലഗിരിയിലേക്കു പറന്നതോടെയാണു ബന്ധം നഷ്ടപ്പെട്ടതെന്ന് ചീഫ് ജില്ലാ ഓഫീസര്‍ നേത്രാ പ്രസാദ് ശര്‍മ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്കു പോകുകയായിരുന്നു വിമാനം. കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങില് നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്.
തിരച്ചിലിനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ എഎന്‍ഐയോട് പറഞ്ഞു. അതിനിടെ ജോംസമിന് സമീപമുള്ള പ്രദേശത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.