
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന്റെ ജാമ്യം റാദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നേരത്തെ പി.സി.ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് കേസ്. ഇതിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും എറണാകുളം വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തുകയും ജാമ്യ വ്യവസ്ഥ ലംഘിക്കുകയുമായിരുന്നു.
തുടർന്ന് പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിലാണ് ഇപ്പോൾ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കിയത്. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഫോർട്ട് എസ്.പിക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമര്‍പ്പിച്ച സിഡി കോടതി നേരത്തേ പരിശോധിച്ചിരുന്നു. പി.സി.ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോര്‍ജിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
സാമൂഹിക പ്രതിബന്ധതയുള്ള വ്യക്തി എന്ന നിലയിലാണ് പ്രസംഗം നടത്തിയത്. അതിനെ മതവിദ്വേഷ പ്രസംഗമായി കണക്കാക്കാന്‍ കഴിയില്ല. പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കിയതിനുശേഷമാണ് വെണ്ണലയിലെ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് മറ്റൊരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സമ്മര്‍ദത്തിലാകുന്നതിന്റെ പേരിലാണ് ഈ നടപടികളെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍, പി.സി.ജോര്‍ജ് മത വിദ്വേഷ പ്രസംഗം നടത്തിയെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും പ്രോസിക്യൂഷന് വാദിച്ചു.
ഈ മാസം ഒന്നാം തീയതിയാണ് പി.സി.ജോര്‍ജിനു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിക്കുന്നതെന്നു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (പന്ത്രണ്ട്) ജഡ്ജി ആശ കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ആയതിനാല്‍ സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിലും പ്രോസിക്യൂഷന്റെ അഭാവത്തിലും കോടതിയുടെ വിവേചന അധികാരവും ഉപയോഗിച്ചാണ് ജാമ്യം അനുവദിച്ചത്. ഇതേതുടര്‍ന്നാണ്, സര്‍ക്കാര്‍ ജാമ്യം റദ്ദാക്കാന്‍ വീണ്ടും കോടതിയെ സമീപിച്ചത്.
അതേസമയം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കൊച്ചി സിറ്റി പൊലീസിന് മുന്നിൽ അല്‍പ്പസമയത്തിനകം ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഇതിനിടെ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.
അറസ്റ്റ് ഭീഷണിയെ തുടർന്ന് ഒളിവിലായിരുന്ന പി.സി.ജോർജ് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം ലഭിച്ചതോടെ തിങ്കളാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്നലെ രാവിലെ അരുവിത്തുറ പള്ളിയിൽ പോയി. പൂഞ്ഞാറിൽ ഒരു മരണ വീട് സന്ദർശിച്ചു. മാധ്യമങ്ങളുടെ മുന്നിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച അദ്ദേഹം സംഭവത്തെപ്പറ്റി പ്രതികരിക്കാൻ തയാറായതുമില്ല.