
രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് മതവിദ്വേഷ പ്രസംഗക്കേസ് പ്രതിയായ പിസി ജോര്‍ജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്. ഇതോടെ ഒരു മണിക്കൂര്‍ നേരത്തേക്ക് പിസി ജോര്‍ജിനോട് നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, രണ്ട് മതവിദ്വേഷപ്രസംഗക്കേസിലും പിസി ജോര്‍ജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മതവിദ്വേഷപ്രസംഗത്തിലെ ജാമ്യം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ നടപടികള്‍ പൂര്‍ത്തിയാക്കി പി.സി.ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാനാണ് തീരുമാനം. വെണ്ണല വിദ്വേഷ പ്രസംഗക്കേസിലും ജോര്‍ജ് അറസ്റ്റ് ചെയ്തു. വെണ്ണല കേസില്‍ ഇടക്കാല ജാമ്യം നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.
തിരുവനന്തപുരത്തെ മതവിദ്വേഷപ്രസംഗക്കേസില്‍ പിസി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം ഹിന്ദുമഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പിസി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷം വെണ്ണലയില്‍ സമാന പ്രസംഗം നടത്തിയെന്ന് പ്രോസിക്യൂഷന് കോടതിയെ ചൂണ്ടിക്കാണിച്ചു. ഈ പ്രസംഗത്തിന്റെ ടേപ്പുകളും പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം അംഗീകരിക്കുകയായിരുന്നു. അനിവാര്യമെങ്കില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം കോടതി വ്യക്തമാക്കിയിരുന്നു.