
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവന ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് അല്ലെന്ന് നടി നിഖില വിമല്‍. ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും തോന്നിയ കാര്യം പറഞ്ഞതിനോട് അളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില പറഞ്ഞു.
ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ലെന്നും താരം പ്രതികരിച്ചു. ദേശാഭിമാനിയോടായിരുന്നു നിഖിലയുടെ പ്രതികരണം.
ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. ‘പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്നതായിരുന്നു നിഖിലയുടെ പരാമര്‍ശം.
സംഭവത്തില്‍ നിഖിലക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഒപ്പം താരത്തെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഇത് കേരളമാണെന്നും ഉറപ്പോടെ കൂടെ നില്‍ക്കുന്നവരുണ്ടെന്നു’മാണ് നടിയെ പിന്തുണച്ച് മാലാപാര്‍വതി പറഞ്ഞത്. ‘കഴമ്പില്ലാത്ത നവ മാധ്യമ പൊളിറ്റിക്കല്‍ ചോദ്യങ്ങള്‍ക്ക് അവസാനത്തെ ഉത്തരമാണ് നിഖില’ എന്നാണ് സംവിധായകന് അനുരാജ് മനോഹര്‍ പ്രതികരിച്ചത്.താരത്തിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നാണ് എം ടി രമേശ് പറഞ്ഞത്.