
കൊച്ചി: പുതുമുഖനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു കൊച്ചി സിറ്റി പോലീസ് ഇന്ത്യയിലെ യുഎഇ എംബസിക്ക് അപേക്ഷ നല്‍കി.
വിജയ് ബാബുവിന്‍റെ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു പോലീസ് ഇയാള്‍ക്കായി നേരത്തെ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടായിരുന്നില്ല .
ഇതോടെയാണ് അന്വേഷസംഘത്തിന്‍റെ പുതിയനീക്കം. എംബസി നിര്‍ദേശം ഇന്‍റര്‍പോളിന് ലഭിച്ചാല്‍ പ്രതിക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാൻ കഴിയും. കഴിഞ്ഞ ആഴ്ച തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള കോടി വാറണ്ട് ദുബായ് പോലീസിന് കൊടുത്തിരുന്നു.
ഹാജരാകാന്‍ ഇനിയും സമയം വേണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് വിജയ് ബാബു ഇപ്പോഴും. 18ന് ആണ് ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. അതുവരെ ഒളിവില്‍ തുടരുകയാണ് ഇയാൾ.
കഴിഞ്ഞ 22ന് ആണ് വിജയ് ബാബുവിനെതിരേ പരാതിയുമായി യുവനടി രംഗത്തെത്തിയത്. പോലീസില്‍ ഇതുസംബന്ധിച്ചു നടി പരാതി നല്‍കിയതിനു പിന്നാലെ ഗോവയിലേക്കു കടന്ന ഇയാള്‍ അവിടെനിന്നു ബംഗളൂരുവിലെത്തി ദുബായിലേക്കു കടക്കുകയായിരുന്നു.