
തെന്നിന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന താരവിവാഹത്തിന്റെ തീയതി പുറത്തുവന്നു. തമിഴിലെ യുവസംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും തമ്മിലുള്ള വിവാഹം ജൂൺ ഒമ്പതിന് നടക്കും. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹം.
വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നു. നയൻ, വിക്കി എന്നിങ്ങനെയാണ് ക്ഷണക്കത്തിൽ വധൂവരന്മാരുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകളുടെ ടൈറ്റിൽ പോലെ മോഷൻ പോസ്റ്ററായാണ് ക്ഷണക്കത്ത് പുറത്തുവന്നത്. നേരത്തെ തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് വേദി മാറ്റുകയായിരുന്നു.
വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. 2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം.