
ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്ഷേത്രനഗരിയിലെ ഏഴ് പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തു.
പ്രധാനമായും രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ. എന്നാൽ സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ നഗരസഭ പുറത്ത് വിട്ടിട്ടില്ല. ഗുരുവായൂരിലെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകന്റെയടക്കമുള്ള സ്ഥാപനങ്ങളായതിനാലാണ് പേര് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്ന് ആരോപണമുണ്ട്.
ഹെല്‍ത്ത് സുപ്പര്‍വൈസര്‍ എം.പി.വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി.അജിത് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചിയും സസ്യാഹാരങ്ങളുമാണ് പിടിച്ചെടുത്തത്. ഇവ പിന്നീട് നശിപ്പിച്ചു. സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി. 15 ഹോട്ടലുകള്‍ പരിശോധിച്ചതില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കി.
പകല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കാസര്‍കോഡ് കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ച് മരിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ഗുരുവായൂരില്‍ വീണ്ടും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി.വിനോദ് പറഞ്ഞു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.ഡി.റിജേഷ്, എ.ബി.സുജിത്കുമാര്‍, കെ.സുജിത്, എസ്.സൗമ്യ, കെ.എസ്.പ്രദീപ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.