
മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുമിക്കുന്ന ‘മേരി ആവാസ് സുനോ’ നാളെ മുതൽ തിയേറ്ററുകളിൽ. ചിത്രത്തിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ലേഡി ഡോക്ടറുടെ വേഷമാണ് മഞ്ജു വാര്യർക്ക്. രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ജി. പ്രജേഷ് സെന്‍ ആണ് സംവിധാനം. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാപ്റ്റന്‍, വെള്ളം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘മേരി ആവാസ് സുനോ’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പ്രജേഷ് തന്നെയാണ്.
‘മേരി ആവാസ് സുനോ’യുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ. ചിത്രം ഒരു ‘ഫീല്‍ ഗുഡ് മൂവി’ ആയിരിക്കുമെന്നതിൽ സംശയമില്ല.
പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം. ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ശിവദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
എം.ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍. കൃഷ്ണചന്ദ്രന്,ഹരിചരണ്‍, ആന്‍ ആമി, സന്തോഷ് കേശവ്, ജിതിന്‍രാജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. നേരത്തെ പുറത്തുവിട്ട ഗാനങ്ങളെല്ലാം ആസ്വാദക പ്രശംസ നേടിയിരുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.