
അടുത്തിടെ ഒരു ദമ്പതികളെ വിവാഹമോചനത്തിനായി കോടതി വരാന്തയിൽ എത്തിച്ചത് തീർത്തും വിചിത്രമായ ഒരു കാര്യമാണ്. ഭാര്യക്ക് മാഗി/ നൂഡിൽസ് അല്ലാതെ ഒന്നും ഉണ്ടാക്കാൻ അറിയില്ല. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും മാഗി ഉണ്ടാക്കി നൽകുന്നു എന്നും പറഞ്ഞാണ് വിവാഹമോചനം അനുവദിക്കണമെന്ന ആവശ്യവുമായി ഭർത്താവ് കോടതിയിൽ എത്തിയത്.
മൈസൂരിലെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എം.എൽ രഘുനാഥാണ് സംഭവം പങ്കുവെച്ചത്. നിസ്സാരകാര്യങ്ങളുടെ പേരിൽ ദമ്പതികൾ വിവാഹമോചനം തേടുന്ന കേസുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം നടക്കുമ്പോൾ അദ്ദേഹം കർണാടകയിലെ ബല്ലാരിയിൽ ജില്ലാ ജഡ്ജിയായിരുന്നു. രഘുനാഥ് ഇതിനെ “മാഗി കേസ്” എന്നാണ് വിശേഷിപ്പിച്ചത്.
ഭാര്യ കടയിൽ പോയാൽ മാഗി മാത്രമാണ് വാങ്ങുന്നതെന്ന് ഭർത്താവ് പരാതിപ്പെട്ടതായി ജഡ്ജി ഓർക്കുന്നു. ഭാര്യക്ക് ഉണ്ടാക്കാൻ അറിയാവുന്ന ഏക കാര്യം മാഗിയാണ്. അതുകൊണ്ട് കാലത്ത് പ്രാതലിനും, ഉച്ചഭക്ഷണത്തിനും, അത്താഴത്തിനും എല്ലാം മാഗി മാത്രമായി. അതിനാലാണ് പിരിയുന്നത് എന്നാണ് ഭർത്താവ് പറഞ്ഞത്. ഒടുവിൽ പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചിതരായെന്ന് രഘുനാഥ് പറഞ്ഞു.
കുടുംബ തർക്കങ്ങൾ പരിഹരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ദമ്പതികൾ തങ്ങളുടെ കുട്ടികളുടെ ഭാവിയെ ഓർത്താണ് പലപ്പോഴും ഒന്നിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുന്നതെന്നും ജഡ്ജി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ പലപ്പോഴും മാനസികമാണ് എന്നും അദ്ദേഹം പറയുന്നു. ആകെ നടന്ന 900 വിവാഹമോചന കേസുകളിൽ മുപ്പതോളം എണ്ണം ഒത്ത് തീർപ്പിൽ എത്തിക്കാൻ കോടതിയ്ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.
നിസ്സാരപ്രശ്നങ്ങളുടെ പേരിൽ കോടതിയെ സമീപിക്കുന്നവർ കുറവല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ അവർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പ്ലേറ്റിന്റെ തെറ്റായ ഭാഗത്ത് ഉപ്പ് ഇട്ടതിന്റെ പേരിലോ, വിവാഹ വസ്ത്രത്തിന്റെ നിറം ശരിയാകാത്തതിന്റെ പേരിലോ, പങ്കാളിയോട് സംസാരിക്കുന്നില്ലെന്ന പേരിലോ, ഭാര്യയെ പുറത്ത് കൊണ്ടു പോകുന്നില്ലെന്ന പേരിലോ ഒക്കെ വിവാഹമോചന ഹർജികൾ കോടതിയിൽ എത്താറുണ്ടെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
അറേഞ്ച്ഡ് വിവാഹങ്ങളിൽ മാത്രമല്ല, പ്രണയവിവാഹങ്ങളിലും വിവാഹമോചനം കുറവല്ലെന്ന് അദ്ദേഹം പറഞ്ഞു. “വിവാഹമോചന കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹമോചനം ആവശ്യപ്പെടുന്നതിന് മുമ്പ് ദമ്പതികൾ കുറഞ്ഞത് ഒരു വർഷമെങ്കിലും ഒരുമിച്ച് ജീവിക്കണം. അങ്ങനെയൊരു നിയമം ഇല്ലായിരുന്നുവെങ്കിൽ, വിവാഹമോചന ഹർജികൾ ഫയൽ ചെയ്യാൻ കല്യാണമണ്ഡപങ്ങളിൽ നിന്ന് നേരെ ദമ്പതികൾ കോടതിയിൽ എത്തിയേനേ” രഘുനാഥ് പറയുന്നു.