
പാലക്കാട്: വീട്ടുകാർ മൊബൈൽഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങി മരിച്ചു. കൽക്കണ്ടി തോട്ടപ്പുര സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിതാണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. കൂട്ടുകാരെപ്പോലെ തനിക്കും മൊബൈൽഫോൺ ഓൺ ലൈനിലൂടെ വാങ്ങണമെന്ന് അഭിജിത് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പിന്നീട് വാങ്ങി നൽകാമെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അഭിജിത് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. മൊബൈലിനായി വാശി പിടിച്ച മകനോട് പിന്നീട് വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിന്ദു കുളിക്കാൻ പോയ സമയത്താണ് വീടിന് മുന്നിൽ കെട്ടിയ ഊഞ്ഞാലിൽ അഭിജിത് തൂങ്ങിയത്. ഉടനെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.