
പഞ്ചാബ് അമൃത് സറിലെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ വൻ തീപിടുത്തം. മൂന്ന് നിലകളിലേക്ക് തീ പടർന്നിട്ടുണ്ട്. നിരവധി രോഗികളും സന്ദർശകരും ഇതിൽ കുടുങ്ങിയാതായാണ് റിപ്പോർട്ട്. ഒപിഡിക്ക് അരികെയുള്ള രണ്ട് ട്രാൻസ്ഫോമറുകളിൽ നിന്നാണ് തീ പടർന്നത്. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. വലിയൊരു പൊട്ടിത്തെറി ശബ്ദമുയർന്നതിനു പിന്നാലെ തൊട്ടടുത്ത കെട്ടിടത്തിൽ തീപടർന്നിരുന്നു. പൊടുന്നനെ ആശുപത്രിയിലെ ത്വക്ക്, ഹൃദയരോഗ വിഭാഗ വാർഡുകളിലേക്ക് ഇത് വ്യാപിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആളപായം ഒന്നും തന്നെ ഇല്ലെന്ന് ആശുപത്രി പ്രിൻസിപ്പൽ രാജീവ് കുമാർ ദേവഗൺ അറിയിച്ചു. ഓരോ ട്രാൻസ്ഫോമറിലും ഏകദേശം ആയിരം ലിറ്റർ ഓയിൽ ഉണ്ടായിരുന്നു, ഇത് കടുത്ത ചൂടിൽ തീപിടിക്കും. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. അപകടത്തിൽ വൻനാശനഷ്ടമാണ് സംഭവിച്ചിട്ടുണ്ട്.