
‘വലിമൈ’ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ തമിഴ് സൂപ്പർസ്റ്റാർ അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രത്തിനു വേണ്ടി കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. താത്കാലികമായി ‘എകെ 61’ എന്നു പേരു നൽകിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മലയാളികളുടെ പ്രിയനായിക മഞ്ജു വാര്യർ നായികയായി എത്തുന്നുവെന്ന സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.
അധികം വൈകാതെ മഞ്ജു ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വാർത്തകൾ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാകും മഞ്ജു വാര്യര്‍ അവതരിപ്പിക്കുകയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നായികാ വേഷമാകുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.
ഒരു ബാങ്ക് കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന എകെ 61ൽ നെഗറ്റീവ് കഥാപാത്രമാണ് അജിത് ചെയ്യുന്നതെന്ന് വാർത്തകൾ വന്നിരുന്നു. ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. അജിത്തിന്റെ മുൻചിത്രമായ ‘വലിമൈ’ നിർമ്മിച്ച ബോളിവുഡ് നിർമ്മാതാവ് ബോണി കപൂറാണ് ഈ പുതിയ ചിത്രവും നിർമ്മിക്കുന്നത്.
നേരത്തെ എകെ 61ൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും അഭിനയിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഒരു മുതിർന്ന പോലീസ് കമ്മീഷണരുടെ വേഷത്തിലേക്കായിരുന്നു , നടനെ സമീപിച്ചത്. എന്നാൽ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കുകളും മറ്റും മൂലം മോഹൻലാൽ ആ ക്ഷണം നിരസിച്ചതായാണ് പുറത്തുവരുന്ന വിവരം. എങ്കിലും താരത്തിന്റെ സാനിധ്യം ചിത്രത്തിൽ ഉണ്ടാകുമോയെന്ന് ആരാധകർ ഇപ്പോഴും ഉറ്റുനോക്കുകയാണ്. മോഹൻലാൽ അല്ലെങ്കിൽ തെലുങ്കു സൂപ്പർതാരം നാഗാർജ്ജുന ഈ വേഷത്തിലെത്തിയേക്കാം.