
സമൂഹമാധ്യമങ്ങളിലൂടെ യുവാവ് തന്നെ പിൻതുടരുകയും അപമാനിക്കുകയും ചെയ്തെന്ന് ആരോപിച്ച് യുവസംവിധായകൻ സനൽ കുമാറിനെതിരെ പരാതി നൽകി നടി മഞ്ജു വാര്യർ. നടിയുടെ പരാതിയിൽ പോലീസ് യുവാവിനെതിരെ കേസെടുത്തു.
തുടർച്ചയായി തനിക്കെതിരെ ഇയാൾ അപവാദം പ്രചരിപ്പിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും നടി പറയുന്നു. വിവാഹ അഭ്യർത്ഥനകൾ ഭീഷണിയായി മാറുകയായിരുന്നെന്നും നടി പരാതിപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എളമക്കര പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐ. ടി ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
മഞ്ജു വാര്യയരുടെ ജീവൻ തുലാസിലാണെന്നും അവർ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുകൾ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണസംഘത്തിനെതിരെയുള്ള വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ മൊഴിയെടുത്തതിനു ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും മഞ്ജുവിന്റെ ജീവൻ തുലാസിലാണെന്ന് സംശയിക്കുന്നതായും ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു.
ഇതിനു മുൻപും മഞ്ജു തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അന്ന് നടിയെ കുറിച്ച് സ്ക്മൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചില കാര്യങ്ങളാണ് നടിയെ പ്രകോപിപ്പിച്ചതെന്നും ഇയാൾ പ്രതികരിച്ചിരുന്നു. കേസിനെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തിവിടാനാകില്ലെന്ന് പോലീസ് വ്യക്തമാക്കി.