
പാലക്കാട് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ആലത്തൂർ ഗവ. എൽ പി സ്കൂളിലെ അധ്യാപകനും പോപ്പുലർ ഫ്രണ്ട് ആലത്തൂർ ഡിവിഷണൽ പ്രസിഡന്റുമായ ബാവ മാസ്റ്ററാണ് പിടിയിലായത്.
ബാവയുടെ നേതൃത്വത്തിലാണ് സഞ്ജിത്തിനെ കൊല്ലാൻ ഗൂഢാലോചന നടന്നത്. കൊല നടന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ തൃശൂർ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഗൂഢാലോചനയിൽ പങ്കെടുത്തവർ ഉൾപ്പെടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്.
കഴിഞ്ഞ നവംബർ 15ന് ബൈക്കിൽ ഭാര്യയ്ക്കൊപ്പം പോവുകയായിരുന്ന സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കാറിലെത്തി ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുവരെ 21 പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊലപാതകം നടത്താൻ മുഖ്യപ്രതികൾ ഉപയോഗിച്ച കാർ പൊളിച്ചുനീക്കാൻ സഹായിച്ച ആക്രിക്കട ഉടമയെയാണ് അവസാനം അറസ്റ്റ് ചെയ്തത്. കാറിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.