
കേരളത്തിൽ സർക്കാരിനു കീഴിലുള്ള ഭാഗ്യക്കുറി ഒഴികെയുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ നിർത്തലാക്കുന്നു. ഇതോടെ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും തങ്ങളുടെ കീഴിൽ നടത്തുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ നിയമവിരുദ്ധമായി മാറും. ഇതു സംബന്ധിച്ചു ഭാഗ്യക്കുറി വകുപ്പ് നിയമോപദേശം തേടി. മന്ത്രിസഭാതലത്തിൽകൂടി ചർച്ചചെയ്ത ശേഷം അടുത്തയാഴ്ച്ച സർക്കാർ ഉത്തരവ് പുറപ്പെടുവിക്കും.
ഐപിസി 294 എ നിയമപ്രകാരം നിലവിൽ ഭാഗ്യക്കുറിയും നറുക്കെടുപ്പും നടത്താനുള്ള അധികാരം സർക്കാരിനു മാത്രമാണുള്ളത്. മറ്റു സമ്മാനക്കൂപ്പണുകൾ വിൽക്കുന്നതും നറുക്കെടുപ്പു നടത്തുന്നതും നിയമവിരുദ്ധവും, ആറുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എങ്കിലും ഇത്തരം നറുക്കെടുപ്പുകൾ കേരളത്തിലുടനീളം സജീവമാണെന്നതാണ് വാസ്തവം.
ഈയിടെ തൃശൂരിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലൂടെ ഭൂമിയും സ്ഥലവും വിൽക്കാൻ സ്ഥലമുടമ ശ്രമിച്ചതു ഭാഗ്യക്കുറി വകുപ്പ് ഇടപെട്ടു തടഞ്ഞിരുന്നു. തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഇത്തരത്തിൽ ഭൂമി വിൽപ്പന നടത്തുന്നതിനെതിരെ വകുപ്പിനു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർതലത്തിൽ ഉത്തരവ് പുറപ്പെടുവിക്കാനുള്ള പുതിയ നീക്കം.
പ്രത്യേക അപേക്ഷപ്രകാരം വാർത്ത ഓൺലൈൻ മീഡിയ, കെഎസ്എഫ്ഇ, ഖാദി സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സമ്മാനകൂപ്പൺ വിതരണത്തിനും നറുക്കെടുപ്പിനും അനുമതി നൽകിയിട്ടുണ്ട്. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ പോലും പണം വാങ്ങാതെ നടത്തുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ നടത്തുന്നതിലും ഭാഗ്യക്കുറി വകുപ്പ് നിയമോപദേശം തേടുന്നുണ്ട്.
പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കുന്നതോടെ ക്രിസ്മസ്, ഓണം, വിഷു തുടങ്ങിയ ആഘോഷ സമയങ്ങളിൽ ക്ഷേത്രങ്ങളും പള്ളികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ നിയമവിരുദ്ധമാകും