
കൊല്ലം : കൊല്ലം മടത്തറയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. 46 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. തെന്മല സന്ദർശിച്ച് മടങ്ങിയവരുടെ ബസും മടത്തറയിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറെ പുറത്തെടുക്കാനായത്.
മടത്തറ മേലെ മുക്കിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വലിയ വളവ് തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. തെന്മല സന്ദർശിച്ച് മടങ്ങിയ പാറശാല സ്വദേശികളാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. മടത്തറയിൽ നിന്ന് കുളത്തൂപ്പുഴയിലേക്ക് പോയ കെഎസ്ആർടിസി ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പലരെയും ആശുപത്രിയിലെത്തിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിൽ കുടുങ്ങിയ ടൂറിസ്റ്റ് ബസ് ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.