
മഞ്ഞപ്പട ആരാധകർ ആഗ്രഹിച്ച മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലുമായുള്ള കരാർ നീട്ടിക്കൊണ്ടാണ് ക്ലബിന്റെ നിർണായക നീക്കം.
2024 വരെ ഗിൽ ബ്ലാസ്റ്റേഴ്സിൽ തുടരും. കഴിഞ്ഞ സീസണ് ഐഎസ്എല്ലിൽ ഫൈനലിലെത്താൻ ഗില്ലിന്റെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്സിന് തുണയായിരുന്നു. ഗോൾഡൻ ഗ്ലൗ പുരസ്കാരവും 21കാരനായ ഗിൽ നേടിയിരുന്നു. കരാർ നീട്ടുന്നതിൽ അഭിമാനമുണ്ടെന്ന് ഗിൽ പ്രതികരിച്ചു.
ഇന്ത്യന്‍ ആരോസിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തെ തുടര്‍ന്ന് 2019ല്‍ ബെംഗളൂരു എഫ്സിക്കൊപ്പമാണ് പ്രഭ്സുഖൻ ഗില്‍ ഐഎസ്എല്ലില്‍ അരങ്ങേറിയത്. എഎഫ്സി കപ്പ് ക്വാളിഫയറിലടക്കം രണ്ട് മത്സരങ്ങളാണ് ബിഎഫ്സി കുപ്പായത്തില്‍ കളിച്ചത്. ഡൂറണ്ട് കപ്പിലൂടെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയണിഞ്ഞ താരം 2021 ഡിസംബറില്‍ ഒഡിഷ എഫ്സിക്കെതിരായ മത്സരത്തോടെ ഐഎസ്എല്ലില്‍ മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറി. പരിക്കേറ്റ ആല്‍ബിനോ ഗോമസിന് പകരക്കാരനായി ആയിരുന്നു ഗില്ലിന്റെ വരവ്. ഐഎസ്എല്‍ എട്ടാം സീസണില്‍ 17 മത്സരങ്ങളില്‍ 49 സേവുകളുമായി പ്രഭ്സുഖൻ ഗില്‍ കളംനിറയുകയായിരുന്നു. ഇതോടെയാണ് താരത്തെ തേടി ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം എത്തിയത്. ഐഎസ്എല്‍ എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദ് മന്ത് (2022 ഫെബ്രുവരി) പുരസ്കാരവും നേടിയിട്ടുണ്ട്.
‘മഹത്തായ ക്ലബുമായി കരാര്‍ നീട്ടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. കഴിഞ്ഞ സീസണ് മികച്ചതായിരുന്നു. വരുന്ന രണ്ട് വര്‍ഷങ്ങളിലും ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്നാണ് പ്രതീക്ഷ. ഏറെക്കാര്യങ്ങള്‍ ഇനിയും പഠിക്കാനും നേടാനുമുണ്ട്’ എന്നും കരാര്‍ പുതുക്കിയ ശേഷം പ്രഭ്സുഖൻ ഗില്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തിയ താരത്തിന് അര്‍ഹമായ അംഗീകാരമാണ് കരാര്‍ നീട്ടിയതെന്ന് കെബിഎഫ്സി സ്പോര്‍ടിംഗ് ഡയറക്ടര്‍ പ്രതികരിച്ചു.