
മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പാർട്ടി വിട്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു. ഉത്തർപ്രദേശിൽ എസ്പിയുടെ ടിക്കറ്റിൽ അദ്ദേഹം രാജ്യസഭാ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും കപിൽ സിബലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വിട്ട കാര്യം കപിൽ സിബൽ സ്ഥിരീകരിച്ചത്. ലക്നൗവിൽ, അഖിലേഷ് യാദവിനും എസ്പി നേതാക്കൾക്കും ഒപ്പം എത്തിയാണ് അദ്ദേഹം രാജ്യസഭാ സീറ്റിനായുള്ള പത്രിക നൽകിയത്.
കോൺഗ്രസിലെ പരിഷ്കരണവാദികൾ ആയ ജി23യിൽ പെട്ട നേതാവായിരുന്നു കപിൽ സിബൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെ പലപ്പോഴും പരസ്യമായി തന്നെ അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പൂരിൽ കഴിഞ്ഞ ആഴ്ച നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിലും കപിൽ സിബൽ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ മെയ് 16ന് കോൺഗ്രസിൽ നിന്ന് താൻ രാജി വച്ചുവെന്ന് കപിൽ സിബൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭയിൽ സ്വതന്ത്ര ശബ്ദമാകാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കപിൽ സിബൽ വ്യക്തമാക്കി. ബിജെപിക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ ശിബിരത്തിന് ശേഷം കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്ന മൂന്നാമത്തെ നേതാവാണ് കപിൽ സിബൽ. നിലവിൽ കോൺഗ്രസിന്റെ രാജ്യസഭാ അംഗമാണ് കപിൽ സിബൽ. ജൂലൈയിൽ അദ്ദേഹത്തിന്റെ കാലാവധി പൂർത്തിയാകും.
‘ഞാൻ സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഞാൻ രാജ്യത്ത് എല്ലായ്പ്പോഴും സ്വതന്ത്ര ശബ്ദമാകാൻ ആഗ്രഹിക്കുന്നു. ഒരു സ്വതന്ത്ര ശബ്ദമാകുക എന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ മോദി സർക്കാരിനെ എതിർക്കാൻ ഒരു സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസിൽ നിന്ന് താൻ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ വ്യക്തമാക്കി.
ഉത്തർപ്രദേശിൽ മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് എസ്പിക്ക് വിജയിക്കാനാകുക. ഇതിലൊന്നാണ് കപിൽ സിബലിന് നൽകിയിരിക്കുന്നത്. ഒരു സീറ്റ് സഖ്യകക്ഷിനേതാവും ആർഎൽഡി അധ്യക്ഷനുമായ ജയന്ത് ചൗധരിക്കായി നീക്കിവെച്ചേക്കും.