
അസാനി ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു. ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച് പത്താം തിയതി ഒഡീഷയിൽ തീരം തൊടും. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ‘അസാനി’.
അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാൻ സാധ്യത കുറവാണ്. നാളെയോടെ 125 കി. മീ വരെ വേഗത കൈവരിക്കാനാണ് സാധ്യത. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
അസാനി എന്ന വാക്കിനർത്ഥം ‘ഉഗ്രകോപി’ എന്നാണ്. ശ്രീലങ്കയാണ് കാറ്റിന് പേരിട്ടത്.
ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ കിട്ടും. മറ്റന്നാളോടെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിപ്രാപിക്കും. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിത തീരങ്ങളിലേക്ക് മാറണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.



