
കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആൻഡമാനില്‍ ഈ മാസം 15ന് കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലങ്കര ഡാമില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ കേരളത്തില്‍ പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും സർക്കാർ അറിയിച്ചു. ഇവരെ കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റാന്‍ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്നേ ഉറപ്പ് വരുത്തുക. കാറ്റും മഴയും ശക്തമാകുമ്പോൾ നിർമ്മാണ ജോലികളിൽ ഏർപ്പെടുന്നവർ ജോലി നിർത്തി സുരക്ഷിതമായ ഇടത്തേക്ക് മാറി നിൽക്കണം.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ആന്ധ്രാപ്രാദേശ് തീരത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ശക്തി കുറഞ്ഞ ന്യുന മർദ്ദത്തിന്റെ സ്വാധീനമുള്ളതിനാൽ ബംഗാൾ ഉൾക്കടലിൽ മൽസ്യബന്ധനം നിരോധിച്ചു. അടുത്തൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകാൻ പാടില്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുള്ളവർ എത്രയും വേഗം സുരക്ഷിത തീരങ്ങളിൽ എത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.