
ഗുരുവായൂർ: തമ്പുരാൻ പടിയിലെ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ ഒരാളെ പോലിസ് പിടികൂടി.
തമിഴ്നാട് തൃശിനാപ്പിള്ളി കാമരാജ് നഗർ സ്വദേശി ധർമരാജ് (26)എന്ന രാജ് ആണ് അറസ്റ്റിലായത്.
സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ 12ന് രാത്രിയിലാണ് പ്രതി കവർച്ച നടത്തിയത്. ബാലനും ഭാര്യയും സിനിമക്കായി പോയ സമയം നോക്കിയാണ് മോഷണം നടന്നത്.
സിനിമ കഴിഞ്ഞു വന്നപ്പോൾ മുകളിലത്തെ നിലയിലെ വാതിൽ പൂട്ടു തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്.
ഒരാൾ വീടിനകത്തു നടക്കുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. എന്നാൽ മുഖം വ്യക്തമായിരുന്നില്ല. പോലീസ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുന്നേ ഇയാൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ബൈക്കും പോലിസ് കണ്ടെത്തിയിരുന്നു.