
തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തെന്ന കേസിൽ പിടിയിലായ അബ്ദുല്ലത്തീഫിന് മുസ്ലിം ലീഗുമായി യാതൊരു ബന്ധവും ഇല്ലെന്ന വിശദീകരണവുമായി പാർട്ടി.
അറസ്റ്റിലായ അബ്ദുൽ ലത്തീഫ് കോട്ടക്കൽ ഭാഗത്ത് മുസ്ലിം ലീഗിന്റെ ഒരു പ്രവർത്തനങ്ങളിലും കാണാത്ത ആളാണെന്നും മുസ്ലിംലീഗ് കോട്ടക്കൽ മുനിസിപ്പൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിൽ വ്യക്തമാക്കി. മാത്രമല്ല മുസ്ലിം ലീഗുമായി ബന്ധപ്പെട്ട ഒരു പോഷക സംഘടനകളുമായും ഇയാൾക്ക് ഒരു തരത്തിലും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോൾ പിന്നെ അറസ്റ്റിലായ പ്രതി എങ്ങനെയാണ് മുസ്ലിം ലീഗ് പ്രവർത്തകനാവുന്നത് എന്നാണ് ലീഗ് നേതാക്കളുടെ ചോദ്യം. തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഇടതുപക്ഷത്തിന്റെ നീക്കമാണിതെന്ന് ലീഗ് പ്രവർത്തകർ കുറ്റപ്പെടുത്തി.
അറസ്റ്റിലായ അബ്ദുല്ലത്തീഫ് കോട്ടക്കൽ നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗിൻറെ ഒരു തരത്തിലുള്ള പ്രവർത്തനത്തിലും ഇല്ലാത്ത ആളാണ് എന്ന് കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങളും വ്യക്തമാക്കി. എന്നാൽ പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഈ പ്രതി മുസ്ലീം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു എന്ന രീതിയിലായിരുന്നു സംഭവത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരിച്ചത്.