
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ട്വിസ്റ്റ്. ഡോ. ജോ ജോസഫിനെ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി കൺവീനർ ഇപി ജയരാജൻ പ്രഖ്യാപിച്ചു. എൽഡിഎഫ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.
തൃക്കാക്കരയിൽ വൻ വിജയം ഉണ്ടാകുമെന്ന് ഇ.പി ജയരാജൻ പറഞ്ഞു. യുഡിഎഫ് ദുർബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിരാശരുടെയും വികസന വിരുദ്ധരുടെയും മുന്നണിയായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെന്ന് റിപോർട്ട് പുറത്തുവന്നിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് റിപ്പോർട്ട് വന്നിരുന്നത്.
തൃക്കാക്കര മണ്ഡലത്തിൽ കെ.എസ് അരുൺ കുമാറിന് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ എം സ്വരാജ്, ഇപി ജയരാജൻ തുടങ്ങിയവർ മാധ്യമ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തുകയും ചുമരെഴുത്തുകൾ മായ്ക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.
എൽഡിഎഫ് ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കില്ലെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് ചേർന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.