
ഹോട്ടലുകളിലും ബേക്കറികളിലും കർശന ഭക്ഷ്യപരിശോധന പുരോഗമിക്കവേ കോളേജ് ഹോസ്റ്റലിലും പരിശോധന നടത്തി ആരോഗ്യവിഭാഗം. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ മെസ്സിലായിരുന്നു ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന.
പരിശോധനയ്ക്കിടെ പെൺകുട്ടികളുടെ മെസിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും അധികൃതർ പിടികൂടി നശിപ്പിച്ചു. ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസ് ഇല്ലെന്നും ആരോഗ്യവിഭാഗം കണ്ടെത്തി. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
കാസർഗോഡ് ഷവർമ കഴിച്ച വിദ്യാർത്ഥിനി മരണപ്പെട്ടതിനു പിന്നാലെ തുടർച്ചയായി കേരളത്തിൽ അങ്ങോളമിങ്ങോളം ഭക്ഷ്യവിഷബാധ കേസുകൾ പുറത്തുവരുന്നുണ്ട്. നിരവധി പേർ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഒട്ടേറെ കടകൾക്കും കടയുടമകൾക്കും നേരെ അധികൃതർ കർശന നടപടികളും സ്വീകരിച്ചിട്ടുണ്ട്.