
അന്തരിച്ച എം.എൽ.എ പിടി തോമസിൻ്റെ ഭാര്യ ഉമ തോമസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ആറു മണിയോടെ പ്രഖ്യാപനമുണ്ടായേക്കും.
തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ദില്ലിയിൽ നിന്നുണ്ടാവും.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.
യോഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിൻ്റെ സിറ്റിംഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വിഡി സതീശനും ഒറ്റക്കെട്ടുമാണ്. അനാവശ്യ ചർച്ചകൾക്ക് സമയം നൽകാതെ എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണം എന്നാണ് വിഡി സതീശൻ്റെ നിലപാടാണ്. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസൻ്റേഷൻ അടക്കമുള്ളവർ രംഗത്ത് വരാൻ സാധ്യതയുണ്ടെങ്കിലും പ്രതിഷേധം അനുനയിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺഗ്രസ് സംഘടനാ സംവിധാനം പൂർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. പി.ടി.തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.