
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം, തഴക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.
കൊടിമരത്തെ ചൊല്ലിയുള്ള തർക്കമാണ് സി.പി.ഐ-കോൺഗ്രസ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പൊലീസുകാരടക്കം 25 ഓളം പേർക്ക് പരുക്കേറ്റു.
ബുധനാഴ്ച വൈകിട്ട് 4-30 ഓടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം. കഴിഞ്ഞ ദിവസം ചാരുംമൂട് കോൺഗ്രസ് ഓഫീസിന് തൊട്ടടുത്ത് സി.പി.ഐയുടെ കൊടിമരം സ്ഥാപിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ പിഴുതിട്ടു. ഇത് പിന്നീട് സി.പി.ഐ പ്രവർത്തകർ മൂന്ന് മീറ്റർ അകലേത്ത് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ ഓഫീസിന് സമീപത്ത് നിന്നും കൊടിമരം മാറ്റണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇതു സംബസിച്ച് നേതാക്കൾ ചെങ്ങന്നൂർ ആർ.ഡി.ഒ ക്ക് പരാതിയും നൽകിയിരുന്നു.
ബുധനാഴ്ച വൈകിട്ട് കൊടിമരം നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രവർത്തകരും കൊടിമരം സംരക്ഷിക്കാൻ സി.പി.ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ സി.പി.ഐ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ കൊടിമരം നീക്കം ചെയ്യാൻ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. തുടർന്ന് പൊലീസിന് പ്രവർത്തകർക്ക് നേരെ ലാത്തിവീരശേണ്ടി വന്നു.
ചെങ്ങന്നൂർ ഡി.വൈ.എസ്.പി സ്ഥലത്തെത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും കൊടി നീക്കം ചെയ്യണമെന്ന ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പിലാക്കണമെന്ന നിലപാടിലായിരുന്നു കോൺഗ്രസ്. ഇരുവിഭാഗവും മുദ്രാവാക്യം വിളിക്കുന്നതിനിടെ കല്ലേറ് തുടങ്ങി. ഇതിനിടെ പൊലീസുകാർക്കും തലക്ക് പരുക്കേറ്റതോടെ കൊടിമരത്തിന് സമീപമുണ്ടായിരുന്ന രണ്ടു വനിത പൊലീസുകാരെയടക്കം തള്ളിമാറ്റി കോൺഗ്രസ് പ്രവർത്തകർ കൊടിമരം പിഴുതിട്ടു.
സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു.
ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ ഹർത്താലിന് ആഹ്വാനം ചെയ്തത്.