
പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസെടുത്തു.
അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ്, രണ്‍വീര്‍ സിങ് എന്നിവര്‍ക്കെതിരെയാണ് കേസ്. താരങ്ങള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നൽകിയത്. അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.
താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി പുകയില ബ്രാന്‍ഡായ ‘വിമലി’ന്റെ അംബാസിഡറാണ് അജയ് ദേവ്ഗണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഷാരൂഖ് ഖാനും പരസ്യത്തിന്റെ ഭാഗമായിരുന്നു. ‘കമലാ പസന്ത്’ എന്ന പാന്‍മസാല പരസ്യത്തില്‍ അമിതാഭ് ബച്ചന് ബ്രാന്‍ഡ് അംബാസിഡറായി കഴിഞ്ഞ വര്‍ഷം കരാര്‍ ഒപ്പിട്ടിരുന്നു. ഈ വര്‍ഷം മുതല്‍ രണ്‍വീര്‍ സിങും പരസ്യത്തിന്റെ ഭാഗമായിട്ടുണ്ട്.
അടുത്തിടെ വിമല്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ നടന് അക്ഷയ് കുമാറും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ താരത്തിനും പരസ്യത്തിനും എതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. പാന്‍ മസാലയ്ക്കെതിരെ സംസാരിക്കുന്ന അക്ഷയ് കുമാറിന്റെ പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നെറ്റിസണ്‍സ് രംഗത്തെത്തിയത്. പിന്നീട് സംഭവത്തില്‍ മാപ്പ് പറഞ്ഞ് അക്ഷ് കുമാര്‍ എത്തി. പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് താരം അറിയിച്ചത്.