
കോഴിക്കോട്: താമരശ്ശേരി കോരങ്ങാടിന് സ്വകാര്യബസ് നിയന്ത്രണംവിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംസ്ഥാന പാതയില്‍ മൂന്നാംതോട് ജംഗ്ഷനിൻ സമീപം സ്വകാര്യബസും ടോറസ് ലോറിയും ടിപ്പറും പിക്കപ്പുമാണ് അപകടത്തില്‍പെട്ടത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ പിക്കപ്പ് ഡ്രൈവര്‍ മൂന്നാംതോട് സ്വദേശി ഗംഗാധരന്, ബസ് യാത്രക്കാരായ കല്‍പ്പറ്റ സ്വദേശിനി ശരീഫ, മകള്‍ ഫാത്തിമ, പുതുപ്പാടി സ്വദേശി അബ്ദുറഹ്മാന് എന്നിവരെ താമരശ്ശേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാനും പേര്‍ക്ക് നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു.
കൊയിലാണ്ടിയില്‍ നിന്ന് താമരശ്ശേരിക്ക് വരികയായിരുന്ന ഐശ്വര്യ ബസ്സാണ് അപകടമുണ്ടാക്കിയത്.ബസ്സിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു.ബസ്സിനെതിരെ വന്ന ടിപ്പറിലും റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിയിലുമാണ് ബസ്സിടിച്ചത്. ടിപ്പര്‍ മുന്നിലുണ്ടായിരുന്ന പിക്കപ്പിലും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി.പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.