
ദുബൈ: ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ലഭിച്ചു ദുബൈയുടെ അഭിമാന സ്തംഭമായ ബുര്‍ജ് ഖലീഫ. ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ പുറത്തുവിട്ട പട്ടികയിലാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ ജനകീയത വെളിപ്പെട്ടത്.
ഏറ്റവും കൂടുതൽ ജനങ്ങൾ സന്ദര്‍ശനത്തിനായി അന്വേഷിക്കുന്ന പട്ടികയില്‍ ഈഫല്‍ ടവറും താജ് മഹലുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത് .
ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ തുടങ്ങി 15വര്ഷമാകുന്നതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തുവിട്ടത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗ്ള്‍ കാമറകള്‍ പകര്‍ത്തിയ പഴകാല ചിത്രങ്ങള്‍ കൂടി കാണാന്‍ അവസരമൊരുക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്.
സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയാണ് ഏറ്റവും കൂടുതല്‍ പേര് സെര്‍ച് ചെയ്ത നഗരം.
220 ബില്യണ്‍ ചിത്രങ്ങളാണ് ശേഖരിച്ചത്. സാന്‍ഫ്രാന്‍സിസ്കോ, ന്യൂയോര്‍ക്ക്, മിയാമി എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളുടെ ആദ്യ ചിത്രങ്ങള്‍ പുറത്തിറങ്ങിയതുമുതല്‍ ഇതിനകം 10 ദശലക്ഷം മൈലുകള്‍ സഞ്ചരിച്ചതായും സ്ട്രീറ്റ് വ്യൂ ബ്ലോഗ് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം സ്വകാര്യതയുടെ പേരില്‍ തുടക്കകാലം മുതല്‍ നിരവധി വിമര്‍ശനങ്ങൾ സംവിധാനം നേരിട്ടുണ്ട്.