
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. കാസർഗോഡ് ജില്ലയിൽ തന്നെയാണ് വീണ്ടും അപകടം. പടന്ന കടപ്പുറത്ത് നിന്ന് ഐസ്ക്രീം കഴിച്ച സഹോദരങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ചെറുവത്തൂരിന് സമീപമുള്ള പടന്ന കടപ്പുറത്ത് നിന്നാണ് ഇവർ ഐസ്ക്രീം വാങ്ങി കഴിച്ചത്.
ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥിനി ഇന്നലെ മരണപ്പെട്ടിരുന്നു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. ഇതേ കടയിൽ നിന്നും ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഷവർമയിൽ പഴകിയ മയോന്നൈസ് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമായതെന്ന് കണ്ടെത്തി. ഇതോടെ കട പൂട്ടിക്കുകയും രണ്ടു ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ലൈസൻസ് ഇല്ലാതെയാണ് കട പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.