
കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരെ മർദിച്ചു. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പർമാർക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്. മർദനമേറ്റ നാല് ജീവനക്കാർ ആശുപത്രിയിൽ ചികിത്സതേടി.
അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂപ്പർമാർക്കറ്റിൽ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളിൽ ഹലാൽ സ്റ്റിക്കർ പതിച്ചിട്ടുണ്ടായിരുന്നു. കടയിലെത്തിയ രണ്ടുപേർ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ നേരെ വാക്കേറ്റത്തിലായി. തർക്കമായതോടെ ഇവരോടൊപ്പം കൂടുതൽപേരെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. അക്രമിസംഘത്തിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മർദനത്തെ തുടർന്ന് വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാർ ശക്തികളാണ് ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.