
മംഗളൂരു മലാലിയിലെ ജുമാമസ്ജിദിന്റെ നവീകരണ പ്രവർത്തനത്തിനിടെ ക്ഷേത്രത്തിന്റേതെന്നു തോന്നിക്കുന്ന നിർമിതി കണ്ടെത്തിയെന്ന അവകാശവാദം ഉന്നയിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മസ്ജിദിൽ പൂജകൾ തുടങ്ങി.
സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്ജിദ് നിൽക്കുന്ന സ്ഥലം ഹിന്ദുക്കളുടേതായിരുന്നുവെന്നും അത് വീണ്ടെടുക്കാൻ നടപടികൾ സ്വീകരിക്കുമെന്നുമുള്ള വി.എച്ച്.പി നേതാവിന്റെ ഭീഷണി പുറത്തുവന്നിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച രാത്രി എട്ടുമണി മുതൽ വ്യാഴാഴ്ച രാവിലെ എട്ടുവരെ സ്ഥലത്ത് 144 പ്രഖ്യാപിച്ചത്.
ഏപ്രിൽ 21നാണ് 700 വർഷം പഴക്കമുള്ള പള്ളിയുടെ നവീകരണപ്രവൃത്തികൾ നടക്കുന്നതിനിടെ പുരാതനമായ മരപ്പണികളാലുള്ള നിർമിതി കണ്ടെത്തിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നവീകരണം നിർത്തിവെക്കുകയും ചെയ്തു.
എന്നാൽ, ഇന്തോ-അറബ് മാതൃകയിലാണ് മസ്ജിദ് നിർമിച്ചതെന്നും ഇത്തരം നിർമിതി കർണാടക തീരപ്രദേശങ്ങളിലും കേരളത്തിലും സർവ സാധാരണമാണെന്നും പള്ളി ജനറൽ സെക്രട്ടറി സർഫറാസ് മലാലി വിശദീകരിച്ചു. പള്ളിയിൽ മരംകൊണ്ടുള്ള കൊത്തുപണികൾ ഉണ്ട്. മംഗളൂരുവിലെ സീനത്ത് ബക്ഷ് ജുമാ മസ്ജിദിലും ഇത് കാണാവുന്നതാണ്. ഇവിടെ നൂറുകണക്കിന് വർഷങ്ങളായി ഹിന്ദുക്കളും മുസ്ലിംകളും സമാധാനത്തോടെ കഴിയുകയാണ്. ഇപ്പോഴത്തെ വാദം രാഷ്ട്രീയമുതലെടുപ്പിനും വർഗീയതയുണ്ടാക്കാനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.