
കോഴിക്കോട്: കൊയിലാണ്ടി ചേലിയയിൽ ബിജിഷ എന്ന യുവതിയുടെ ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ റമ്മി കാരണമുള്ള കടബാധ്യതയാണെന്ന നിഗമനത്തിൽ പൊലീസ്. കഴിഞ്ഞ ഡിസംബർ 12 നാണ് ബിജിഷയെ കൊയിലാണ്ടി ചേലിയയിലെ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്.
സ്വകാര്യ ടെലികോം സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ കഴിഞ്ഞ ഫിബ്രുവരിയിൽ പോലിസ് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ടിലൂടെ ലക്ഷങ്ങൾ കൈമാറിയതായി കണ്ടെത്തിയിരുന്നു.
ഇതു കൂടാതെ വിവാഹത്തിനായി കരുതിവെച്ച 35 പവൻ സ്വർണ്ണം പണയം വെച്ച തുകയും ചെലവഴിച്ചിരുന്നു. പലരിൽ നിന്നും കടം വാങ്ങിയ തുകയും ഇങ്ങനെ ചിലവഴിച്ചുവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.റമ്മികളിയിൽ ലക്ഷങ്ങൾ ബാധ്യതയായപ്പോൾ ഓൺലൈൻ ആപ്ലിക്കേഷൻ വഴി വായ്പയെടുക്കലും സ്ഥിരമാക്കി.
തിരിച്ചടവ് മുടങ്ങിയതോടെ, ഭീഷണി ഫോൺകോളുകളും സുഹൃത്തുക്കളുടെതുൾപ്പെടെ ഫോണുകളിലേക്ക് ബിജിഷയെപ്പറ്റി മോശം സന്ദേശങ്ങളും പതിവായി. ഇതെല്ലാം മൂലമുളള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഓൺലൈൻ റമ്മിക്കായി ചെലവഴിച്ചതാണെന്ന് കണ്ടെത്തിയത്. ഒന്നേ മുക്കാൽ കോടി രൂപയുടെ ഇടപാടാണ് ബിജിഷയുടെ അക്കൗണ്ട് വഴി നടന്നതെന്ന് അന്വേഷണം നടത്തിയ ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണ റിപ്പോർട്ട് ഉടൻ കോഴിക്കോട് കോടതിയിൽ സമർപ്പിക്കും.
കൊവിഡ് കാലത്താണ് ബിജിഷ ഓൺലൈൻ ഗെയിമുകൾ കളിച്ചുതുടങ്ങിയത്. ആദ്യമാദ്യം ചെറിയ തുകകൾ സമ്മാനമായി കിട്ടിയതോടെ, ഓൺലൈൻ റമ്മി സ്ഥിരമായെന്നും ബിജിഷയുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.
രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് യുവതിക്ക് ഉണ്ടായിരുന്നത് ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാട് ബിജിഷ നടത്തി. പണമിടപാടുകളെല്ലാം നടത്തിയത് യുപിഐ ആപ്ലിക്കേഷൻ വഴിയായിരുന്നു എന്നാണ് കണ്ടെത്തൽ.