
ഇടുക്കിയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കട്ടപ്പനയ്ക്ക് സമീപം പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേൽ (39) ആണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷിബു മരിച്ചത്.
ഭാര്യ ഗർഭിണിയായതിനാൽ ഏതാനും ദിവസങ്ങളായി അടുക്കള ജോലികൾ ഷിബു തനിയെയാണ് ചെയ്തിരുന്നത്. പ്രഭാതഭക്ഷണം പാചകം ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പ്രഷർ കുക്കറിന്റെ അടപ്പ് സ്വയം ശക്തിയിൽ തെറിച്ചുപൊന്തി ഷിബുവിന്റെ തലയിൽ വീഴുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ പരിക്കേറ്റു കിടക്കുന്ന ഭർത്താവിനെയാണ് കണ്ടത്. ഉടൻ തന്നെ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.