
ഹൈദരാബാദിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ അമ്പലത്തിനരികെ നിന്നും കണ്ടെത്തി. ഉമാ ദേവി (57) ആണ് കൊല്ലപ്പെട്ടത്. അന്വേഷണത്തിൽ ക്ഷേത്രത്തിലെ പൂജാരിയാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
ഉമാ ദേവി പതിവായി അടുത്തുള്ള അമ്പലത്തിലേക്ക് വൈകുന്നേരം നടക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ ഏപ്രിൽ 18ന് അമ്പലത്തിലേക്ക് പോയ വീട്ടമ്മ പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ വാർത്ത പരസ്യപ്പെടുത്തുകയുമുണ്ടായി.
പിന്നീട് ശരീരത്തിൽ നിന്നും ആഭരണങ്ങൾ കവർന്നെടുത്ത വിധം ക്ഷേത്രത്തിന്റെ പിറകിലുള്ള കുറ്റിക്കാട്ടിൽ നിന്നും വീട്ടമ്മയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ക്ഷേത്രത്തിലെ പൂജാരിയായ മുരളി കൃഷ്ണ (42)യാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയുടെ തലയ്ക്ക് ഇരുമ്പുവടി കൊണ്ട് അടിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സാമ്പത്തികപ്രശ്നങ്ങൾ നേരിടുകയായിരുന്നുവെന്നും സ്ത്രീ സ്വർണഭാരണങ്ങൾ ധരിച്ച് അമ്പലത്തിൽ എത്താറുള്ളത് തന്റെ ശ്രദ്ധയിൽപെട്ടിരുന്നെന്നും പ്രതി സമ്മതിച്ചു.
കവർന്നെടുത്ത ആഭരണങ്ങൾ വിൽക്കാൻ ശ്രമിച്ച സ്വർണവ്യാപാരിയെയും പോലീസ് കണ്ടെത്തി. ഇതോടെ വീട്ടമ്മയിൽ മോഷ്ടിച്ച ഒരു ലക്ഷം രൂപയും രണ്ടു വളകളും പോലീസ് കണ്ടെടുത്തു.