
വർക്കലയിൽ യുവതിയേയും രണ്ടര വയസ്സുള്ള കുഞ്ഞിനെയും ഭർതൃവീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെറുന്നിയൂർ കല്ലുമലകുന്നിൽ മേൽകോണം എസ്.നിവാസിൽ ശരണ്യ (22), രണ്ടര വയസ്സുള്ള മകൾ നക്ഷത്ര എന്നിവരെയാണ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൽ ശരണ്യയുടെ ഭർത്താവായ സ്വകാര്യബസ് ഡ്രൈവർ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരണ്യയുടെ ശരീരമാസകലം അടിയേറ്റു മുറിഞ്ഞ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. സുജിത്ത് ദിവസവും മദ്യപിച്ചെത്തി ശരണ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതേതുടർന്നാണ് കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യ തൂങ്ങിമരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച സുജിത്ത് ശരണ്യയുമായി വഴക്കുണ്ടാക്കിയിരുന്നു. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ ശരണ്യയെയും കുഞ്ഞിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ശരണ്യയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.