
ദുരൂഹ മരണങ്ങളുടെ നിഗൂഢതകളെ തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി സേതുരാമയ്യർ വീണ്ടുമെത്തുന്നു .
മമ്മൂട്ടിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സിബിഐ 5 ദി ബ്രയിനിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. അയ്യരുടെ അഞ്ചാം വരവും ഗംഭീരമാകും എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്നത്.
ചിത്രം മെയ് 1 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. വിക്രം എന്ന കഥാപാത്രമായി ജഗതിയെയും ട്രെയിലറിൽ കാണാനാകും.
‘ബാസ്കെറ്റ് കില്ലിങ്ങ്’ എന്ന പുത്തൻ ആശയത്തിലൂടെയാണ് കഥാവികാസം. ‘ബാസ്ക്കറ്റ് കില്ലിങ്ങി’ലൂടെയാണ് കഥാവികാസമെന്നാണ് എസ്എൻ സ്വാമി അന്നു പറഞ്ഞത്. എന്നാൽ ബാസ്ക്കറ്റ് കില്ലിങിനെക്കുറിച്ച് കൂടുതലൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുമില്ല. അതൊരു സസ്പെന്‍സാണ്. നിഗൂഢതയാണ്. ഈ വാക്ക് നിങ്ങളില്‍ പലരും കേട്ടുകാണില്ല. അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന ത്രെഡ്. അത് എന്താണെന്ന് പ്രേക്ഷകര്‍ക്ക് സിനിമ കണ്ടാല്‍ മനസ്സിലാകുമെന്നാണ് എസ്എൻ സ്വാമി പറഞ്ഞത്.
സിബിഐ ചലച്ചിത്ര പരമ്പരയിലെ അഞ്ചാംഭാഗം ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളും ഇൻവെസ്റ്റിഗേഷനുമാണ് അവതരിപ്പിക്കുക.
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വർഗചിത്ര അപ്പച്ചനാണ് നിർമാണം. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.
മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു. രൺജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം.ജോ., തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989-ൽ ജാഗ്രത എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോർഡും സേതുരാമയ്യർക്ക് സ്വന്തമാണ്. 13 വർഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്.