
യൂട്യൂബ് വ്ലോഗറും ആൽബം നടിയുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കൂടുതൽ പേരെ ചോദ്യം ചെയ്യുകയും മറ്റാർക്കെങ്കിലും മരണത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും. ആവശ്യമെങ്കിൽ റിഫയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
റിഫയുടെ മരണത്തിൽ ഉമ്മ നൽകിയ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ ഇന്നലെ കോഴിക്കോട് കാക്കൂർ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ മാർച്ചിൽ ദുബായിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവിഹിത ബന്ധം ആരോപിച്ച് മെഹ്നാസ് റിഫയെ മർദ്ദിച്ചെന്നും ഇയാളുടെ പീഡനത്തിൽ സഹികെട്ടാണ് റിഫ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.
ഭർത്താവ് മെഹ്നാസിനെതിരെ നടത്തുന്ന പൊലീസിന്റെ അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സത്യം ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. യഥാർത്ഥ പ്രതിയെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നില്ല, മെഹ്നാസിന്റെ കൂട്ടുകാർക്ക് മരണത്തില്‍ പങ്കുണ്ടെങ്കില്‍ അതും അന്വേഷണത്തില്‍ തെളിയട്ടെയെന്നും പിതാവ് പറഞ്ഞു.