ഷഹബാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രി..

Spread the love

പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്.

ദേശീയ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. പിഎംഎല്‍ (എന്‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎല്‍(എന്‍) അധ്യക്ഷനുമാണ്. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു.

ദേശീയ അസംബ്ലിയില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനിടയില്‍ ഇമ്രാൻ അനുകൂലികള്‍ പാര്‍ലമെന്റില്‍ നിന്നിറങ്ങിപ്പോയി. രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ മണിക്കൂറുകള്‍ നീണ്ട സഭാ നടപടികള്‍ക്കൊടുവിലാണ് ശനിയാഴ്ച അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പ്രതിപക്ഷ സഖ്യം ഇമ്രാന്‍ ഖാനെ പുറത്താക്കിയത്. പാക് ചരിത്രത്തില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാണ് ഇമ്രാന്‍. 2018 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ ഖാന്‍ അധികാരമേറ്റത്.

ജനാധിപത്യത്തിന്റെ വിജയമെന്ന് ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു. ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും ഷഹബാസ് ഷെരീഫ് പ്രതികരിച്ചു. പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്ന് പാർലമെന്റിൽ അദ്ദേഹം വ്യക്തമാക്കി.

1951 -ൽ ലാഹോറിലാണ് ഷഹബാസിന്റെ ജനനം. നവാസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീൽ ഫാക്ടറിയുടെ നടത്തിപ്പിൽ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയർന്നിരുന്നു. 1988 -ൽ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. അക്കൊല്ലം അദ്ദേഹം പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് ജയിച്ചു കയറി. 1990 -ൽ ആദ്യമായി നാഷണൽ അസംബ്ലിയിൽ എത്തുന്ന ഷെഹ്ബാസ്, 1993 -ൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി. 1997 -ൽ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായി.

1999 -ൽ രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ഷെഹ്ബാസ് കുടുംബ സമേതം സൗദി അറേബ്യയിലേക്ക് കടക്കുന്നു. എട്ടുകൊല്ലത്തെ പലായനജീവിതത്തിനു ശേഷം 2007 -ൽ പാകിസ്താനിലേക്ക് മടങ്ങിയെത്തുന്ന ഷെഹ്ബാസ് ആദ്യം 2008 -ലും പിന്നീട് 2013 ലും പഞ്ചാബിന്റെ മുഖ്യമന്ത്രിയാവുന്നു. പ്രൊവിൻസിനെ ഏറ്റവും അധികകാലം ഭരിച്ചിട്ടുള്ള മുഖ്യമന്ത്രി ഷെഹ്ബാസ് ശരീഫ് ആണ്.

മുഖ്യമന്ത്രി ആയ അന്നുതൊട്ടേ ആരോപണങ്ങളുടെ നിഴലിലായിരുന്നു ഷഹബാസ്. 1998 -ൽ ഭരണത്തിലേറി ഒരു വർഷത്തിനുള്ളിൽ തന്നെ, അഞ്ചു മദ്രസ്സ വിദ്യാർത്ഥികളെ എൻകൗണ്ടറിലൂടെ വധിക്കാൻ പോലീസിനോട് ഉത്തരവിട്ടു എന്ന ആക്ഷേപം അദ്ദേഹത്തിന് നേരെ ഉയർന്നു വന്നു. ഈ ആരോപണം ശരീഫ് അന്നും ഇന്നും നിഷേധിക്കുന്നുണ്ട്. പനാമ പേപ്പേഴ്സ് ചോർന്ന സമയത്ത് അതിലും ഷഹബാസ് ഷെരീഫിന്റെ പേരുണ്ടായിരുന്നു. എട്ട് ഓഫ്‌ഷോർ കമ്പനികൾ ഷെഹ്ബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്സ് സൂചിപ്പിച്ചത്.

2019 -ൽ പാകിസ്താനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികൾ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കൾ ആണ് ഷഹ്ബാസ് ശരീഫിന്റെയും മകന്റെയും പേരിൽ ഉള്ളത് എന്നാണ്. അന്ന് കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ച് NAB ഷെഹബാസിനെ അറസ്റ്റു ചെയ്ത് ആറുമാസത്തോളം ലാഹോർ ജയിലിൽ അടച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടാണ് ഷെരീഫ് കുടുംബം കൈക്കൊണ്ടത്.

അങ്ങനെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും, ഷഹബാസ് ശരീഫ് പാക് പ്രതിപക്ഷത്തിന്റെ പ്രധാന സ്വരങ്ങളിൽ ഒന്നായിരുന്നു. പാക് നാഷണൽ അസംബ്ലിയിലെ നിർണായകമായ 84 സീറ്റുകൾ ഇന്ന് ഷഹബാസിന്റെ നിയന്ത്രണത്തിലാണുള്ളത്. പ്രതിപക്ഷത്തെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയും ഷഹബാസിന്റെ പാക് മുസ്ലിം ലീഗ് നവാസ് തന്നെയാണ്. അതുതന്നെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന്റെ പേര് നിർദേശിക്കപ്പെടാനുള്ള കാരണവും.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page